കോട്ടയം: കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു. കർണാടക ബാങ്കിലെ ജീവനക്കാരന്റെ നിരന്തരമായ ഭീഷണിയാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകൾ നന്ദനയുടെ വെളിപ്പെടുത്തൽ. കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പറയുന്നു. എല്ലാ ദിവസവും ബാങ്കിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ കടയിൽ വന്നിരിക്കുമായിരുന്നു. ബാങ്ക് ജീവനക്കാരെ പേടിച്ച് കഴിയുന്ന അവസ്ഥയിലായിരുന്നു ബിനു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. ബിനുവിന് രണ്ട് പെൺമക്കളാണുള്ളത്. ബാങ്കിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.