കോട്ടയം: കോട്ടയം നഗരത്തെ ഞെട്ടിച്ച് യുവാവിന്റെ കൊല. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു നഗരത്തിലെ മാണിക്കുന്നത്ത് യുവാവ് കുത്തേറ്റ് മരിച്ചത്. പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസിൽ ആദർശ് (23) ആണ് സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് പ്രതിയായ അഭിജിത്തിന്റെ വീട്ടിനു മുന്നിൽ കൊലപ്പെട്ടത്.
കൊലക്കു പിന്നാലെ സംഭവത്തിന്റെ വീഡിയോ ദൃശ്യവും പുറത്തു വന്നു. മാണിക്കുന്നത്തെ അഭിജിത്തിന്റെ വീട്ടിൽ പണമിടപാട് ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു ആദർശിന് കുത്തേറ്റത്. പ്രതി അഭിജിത്തിന്റെ പിതാവും മുൻ കോൺഗ്രസ് കൗൺസിലറുമായ വി.കെ അനിൽ കുമാറും, ഭാര്യയും ആക്രമണത്തിൽ ഇടപെടുന്നതും പിടിച്ചുമാറ്റുന്നതും വീഡിയോയിൽ ദൃശ്യമാണ്. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്തിനൊപ്പം പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്ക് പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കശാലിച്ചതെന്നാണ് മൊഴി നൽകിയത്. പ്രതിയും കൊലപ്പെട്ടയാളും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അഭിജിത്തിന്റെ സുഹൃത്തിന്റെ ബൈക് പണയം വെച്ചതിലാണ് തർക്കങ്ങളുടെ തുടക്കം. ബൈക് തിരിച്ചെടുക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പണം നൽകി. എന്നാൽ, പണം നൽകിയില്ലെന്നായി അഭിജിത്ത്. ഇതിന്റെ പേരിൽ ആദർശിന്റെ വീട്ടിലെത്തിയും തർക്കമുണ്ടായി. തുടർന്നാണ് ഞായറാഴ്ച അർധരാത്രി കഴിഞ്ഞ് ആദർശും സുഹൃത്തും അഭിജിത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തു. വീട്ടിൽ നിന്നും വിളിച്ചിറക്കിയതിനു പിന്നാലെ, ആദ്യം ആദർശ് അഭിജിത്തിനെ മർദിക്കുന്നതായി സി.സി.ടിവിയിൽ വ്യക്താമകുന്നു. തുടർന്ന് വീട്ടിലേക്ക് കയറി കത്തിയെടുത്താണ് അഭിജിത്ത് ആദർശിനെ കുത്തുന്നത്. ഇതിനിടയിൽ അനിൽകുമാറും ഭാര്യയും പുറത്തിറങ്ങി തടയാൻ ശ്രമിക്കുന്നതും കാണുന്നു. നിലവിൽ അനിൽ കുമാറും ഭാര്യയും പൊലീസ് കസ്റ്റഡിയിലാണുള്ളത്.
പ്രതി അഭിജിത്തിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
മുൻ കൗൺസിലറായ അനിൽ കുമാർ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭ 39ാം വാർഡിലെ വിമത സ്ഥാനാർഥിയാണ്.
