കോട്ടയം: സ്കൂട്ടറിൽ കരുതിയിരുന്ന സ്വന്തംതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ മേലരീക്കര പയസ്മൗണ്ട് സ്വദേശി ജോബി ഓക്കാട്ടാണ് (56) മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതരയോടെ നീരുരുട്ടി ഭാഗത്തായിരുന്നു അപകടം. തോക്കുമായി ജോബി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു. ഇതിനിടയിൽ കൈവശമുണ്ടായിരുന്ന തോക്കിൽനിന്ന് വെടിയേൽക്കുകയായിരുന്നെന്നാണ് നിഗമനം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. വേട്ടക്ക് പോകാറുള്ളയാളാണ് ജോബി. തോക്കുമായി സ്കൂട്ടറിൽ വേട്ടക്ക് പോകുകയായിരുന്നെന്ന സംശയവുമുണ്ട്.
നീരുരുട്ടിയിലെ ഇറക്കത്തിൽവെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ സമയം സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തറക്കുകയുമായിരുന്നു. ഇദ്ദേഹം തോക്കുമായി എങ്ങോട്ടാണ് പോയതെന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഷിജുവാണ് ജോബിന്റെ ഭാര്യ. മക്കൾ: ഐറിൻ, ക്യാരൻ, ജോസഫ്. മൃതദേഹം മോർച്ചറിയിൽ.
