കോതമംഗലത്ത് ഓടുന്ന ബൈക്കിനു മുകളിലേക്കു കാട്ടാന പന മറിച്ചിട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

news image
Dec 14, 2024, 4:52 pm GMT+0000 payyolionline.in

കൊച്ചി: കോതമംഗലം നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന റോഡിലേക്ക് പന മറിച്ചിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎൽ ടൗൺഷിപ് ഇൻസ്ട്രമെന്റേഷൻ ക്വാർട്ടേഴ്സിൽ സി.വി.ആൻമേരിയാണ് (21) മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ്.

ബൈക്കോടിച്ചിരുന്ന ആൻമേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അൽത്താഫ് അബൂബക്കറിന് (21) പരുക്കേറ്റു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി റോഡിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം  വൈകിട്ട് ആറോടെയാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന  വീഴുകയായിരുന്നു. അൽത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി ജീപ്പിൽ ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻമേരിയെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe