കോയമ്പത്തൂർ: മധുക്കര ദേശീയപാതയിലെ ചാവടി മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളി ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത്, പിരായിരി സ്വദേശി വിനീഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം ഒരു തമിഴ്നാട് സ്വദേശിയും അപകടത്തിൽ മരണപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരമുണ്ടായ ഈ അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഊട്ടിയിൽ ഫോട്ടോഗ്രഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ട് എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും റോഡിൽ തലകീഴായി മറിഞ്ഞതിനെത്തുടർന്ന് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച യുവാക്കൾ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.
