കോയമ്പത്തൂർ: ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. മധുര വിലങ്ങുടി സ്വദേശി നവീൻകുമാർ (28) ആണ് മരിച്ചത്.
114 പേർക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പെഷൽ പൊലീസ് അസി. ഇൻസ്പെക്ടർക്കും രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്.
ജല്ലിക്കെട്ട് മൈതാനത്തെ ബാരിക്കേഡുകൾ തകർന്നാണ് ഇവർക്ക് പരിക്കേറ്റത്. ജെല്ലിക്കെട്ട് മൈതാനത്തേക്ക് ഇരച്ചുകയറിയ കാള നവീന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ സംഘം രക്ഷിച്ച് ചികിത്സക്കായി രാജാജി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ചികിത്സക്കിടെ നവീൻ മരിക്കുകയായിരുന്നു.