കോഴി വിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 150 രൂപ

news image
Aug 25, 2025, 2:37 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് കോഴി വിലയിൽ തുടർച്ചയായി വൻ ഇടിവ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് കോഴി ഇറച്ചി വിൽക്കുന്നത്.ആവശ്യക്കാർ കുറയുകയും ഉൽപാദനം കൂടുതലുമായതുമാണ് വില ഇടിവിന് കാരണമെന്നാണ് കണക്കാക്കുന്നത്.ഇപ്പോൾ 170 മുതൽ 190 രൂപ വരെയാണ് ഒരു കിലോ ചിക്കൻ്റെ വില. എന്നാൽ പലയിടത്തും 160 രൂപയ്ക്ക് വരെ ചിക്കൻ വിൽക്കുന്നുണ്ട്.

കഴിഞ്ഞ ആറുമാസത്തിനിടെ കിലോയ്ക്ക് ഏകദേശം 150 രൂപയോളമാണ് കുറഞ്ഞത്. അതിന് മുൻപ് വരെ 280 രൂപ മുതൽ 310 രൂപ വരെ ആയിരുന്നു ചിക്കന് ഉണ്ടായിരുന്നത്. ഇതാണ് കുത്തനെ ഇടിഞ്ഞ് 160 ൽ എത്തിയിരിക്കുന്നത്. അടുത്തിടെയായി ചിക്കന് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വിലയിടിവാണിത്.

ഉത്സവകാലമായതിനാൽ ചിക്കനും മീനുമൊക്കെ ആളുകളുടെ തീന്മേശയിൽ നിറയുന്ന സമയം കൂടിയാണ്. പ്രത്യേകിച്ച് മലബാർ മേഖലയിൽ ഓണത്തിന് ചിക്കനും മീനുമൊക്കെ സദ്യയിൽ നിർബന്ധമാണ്. കോഴിക്ക് വില കുറഞ്ഞതോടെ ആളുകൾ ചിക്കൻ വാങ്ങുന്നത് കൂടിയിട്ടുണ്ട് എന്നാണ് വിൽപ്പനക്കാർ പറയുന്നത്. എന്നാൽ വിപണിയിൽ വില കുറഞ്ഞത് കോഴിക്കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ് വിലയിടിവ്. അതേസമയം ഓണം അടുക്കുന്ന ഘട്ടത്തിൽ വില വീണ്ടും കൂടിയേക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും കച്ചവടക്കാരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe