തിക്കോടി: ‘കോഴിക്കോടിന്റെ കുട്ടനാട്’ എന്നറിയപ്പെടുന്ന അകലാപ്പുഴയെ ടൂറിസം സ്പോട്ടായി സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടു ത്തി അംഗീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ പറഞ്ഞു. ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ് ) അകലാപ്പുഴ ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ ‘അകലാപ്പുഴ ടൂറിസം നേരിടുന്ന വെല്ലുവിളികളും സാദ്ധ്യതകളും’ സെമിനാറിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
നൂറ് കണക്കിനാളുകൾ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ബോട്ട് സവാരി നടത്തുവാനുമായി അകലാപുഴയിൽ എത്തുന്നുണ്ട്.സർക്കാറുകളുടേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ യാതൊരു സഹായവും ഇല്ലാതെ അകലാപ്പുഴയേയും അനുബന്ധ പ്രദേശങ്ങളെയും സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയത് നാട്ടുകാരുടെ ഇടപെടലുകളിലൂടെയാണ്. പരമ്പരാഗത തൊഴിൽ മേഖലയും കാർഷിക മേഖലയും തകർച്ചയെ നേരിടുമ്പോൾ ഗ്രാമീണ തൊഴിൽ മേഖലയെ ഉത്തേജിപ്പിക്കാൻ കഴിയുന്ന ഒരേ ഒരു മാർഗ്ഗം ടൂറിസംവികസനമാണ്. സഞ്ചാരികളായി എത്തുന്നവർക്ക് അടിസ്ഥാനസൗകര്യ വികസനം, തെരുവ് വിളക്കുകൾ, ടോയിലറ്റുകൾ, വിശ്രമസ്ഥലങ്ങൾ എന്നിവയുടെ കാര്യത്തിൽ പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നു.
അകലാപ്പുഴ ലെയ്ക്ക് വ്യൂ പാലസിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഡസ്റ്റിനേഷൻ കമിറ്റി കൺവീനർ രാജീവൻ കൊടലൂർ അധ്യക്ഷനായി. കേരള ഹാറ്റ്സ് സംസ്ഥാന പ്രസിഡന്റ് എം.വി.ശിവദത്തൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് റഫീഖ് കക്കാടം പൊയിൽ, സിക്രട്ടറി രാജൻ തേങ്ങാപറമ്പത്ത്, വാർഡ് മെമ്പർ സൗജത്ത്, സന്തോഷ് തിക്കോടി, കെ.സുകുമാരൻ , ആർ.ടി. ജാഫർ , കെ.പി. ഹർഷാദ്, വി .പി ഗോപി , എടവനക്കണ്ടി രവീന്ദ്രൻ , ജ്യോതിഷ് പുറക്കാട് എന്നിവർ സംസാരിച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            