കോഴിക്കോട്: ഈസ്റ്റ് ഹില്ലിലെ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാലുകുടി പറമ്പിൽ വീട്ടിൽ മുഹമ്മദ് അൻഷാദാണ് അറസ്റ്റിലായത്.
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഒരു ഗ്രാമിന് 1800 രൂപ നിരക്കിൽ വാങ്ങി, ഇടനിലക്കാർ വഴി 3000 രൂപ മുതൽ 5000 രൂപ വരെ നിരക്കിലാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇയാളുടെ താമസസ്ഥലത്തേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് വാങ്ങാനായി എത്താറുണ്ടായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സിന്തറ്റിക് വിഭാഗത്തിൽപ്പെട്ട മാരക ലഹരിവസ്തുവാണ് എംഡിഎംഎ (മെത്തലീൻ ഡയോക്സി മെത്താംഫ്റ്റമൈൻ). ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ‘പാർട്ടി ഡ്രഗ്’ അഥവാ ‘എക്സ്റ്റസി’ എന്ന് വിളിക്കുന്നത്. പ്രാദേശികമായി ‘മെത്ത്’, ‘എം’, ‘കല്ല്’ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒരു ഗ്രാം പോലും കൈവശം വെച്ചാൽ പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്.
എക്സൈസ് ഇൻസ്പെക്ടർ ശരത് എസ്., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺകുമാർ കെ., വിനോദ് പി., പ്രിവന്റീവ് ഓഫീസർ ദീപേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു സി.പി., ജംഷീർ, വൈശാഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
