പേരാമ്പ്ര: മൂന്ന് ദിവസമായി കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന സമരം തീർപ്പാക്കാൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് ജീവനക്കാർ നടത്തുന്ന സമരം എന്ത് ആവശ്യം മുൻ നിർത്തിയാണെങ്കിലും അത് സാധാരണ യാത്രക്കാരെ പ്രയാസപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തണം. സമരം മൂലം കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിന് യാത്രക്കാരാണ് പ്രയാസപ്പെടുന്നത്.
കെ.എസ്. ആർ.ടി.സി ബസിൽ കൺസഷൻ ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് പോവാൻ സാധിക്കുന്നില്ല. സമരം മുൻനിർത്തി കെ.എസ്. ആർ.ടി.സി അധിക സർവ്വീസ് നടത്തി ഈ റൂട്ടിലെ യാത്രക്കാരെ സഹായിക്കാത്തത് പ്രതിഷേധാർഹമാണ്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറാവാത്തപക്ഷം യൂത്ത് ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലിം മിലാസ്, സത്താർ കീഴരിയൂർ, കെ.കെ റഫീഖ്, ടി.കെ നഹാസ്, ശംസുദ്ധീൻ വടക്കയിൽ, ജറീഷ് കുന്നത്ത്, പി.വി മുഹമ്മദ് സംസാരിച്ചു.