കോഴിക്കോട് ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നല്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

news image
Oct 28, 2024, 5:01 pm GMT+0000 payyolionline.in

കോഴിക്കോട്: തലക്കുളത്തൂര്‍ അണ്ടിക്കോട് സിപിആര്‍ ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. മാംസ കടകളിലും മറ്റും നിരന്തരം മിന്നല്‍ പരിശോധനകള്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ജനങ്ങള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഭക്ഷ്യ സുരക്ഷാ വകുപ്പിനുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ജനങ്ങളുടെ ഉപഭോഗത്തിനായി ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ. ബൈജുനാഥ് സൂചിപ്പിച്ചു.

ചത്ത കോഴിയെ വില്‍ക്കുന്നതായുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് സ്ഥലത്തെത്തി സിപിആര്‍ ചിക്കന്‍ സ്റ്റാള്‍ അടച്ചുപൂട്ടി താക്കോല്‍ കസ്റ്റഡിയിലെടുത്തതായി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് വേണ്ടി ടൗണ്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് 2024 ഓഗസ്റ്റ് 28-ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 33 കിലോ ജീവനില്ലാത്ത അഴുകിയ കോഴി കണ്ടെത്തി. തുടര്‍ന്ന് കടയുടമയുടെ ലൈസന്‍സ് റദ്ദാക്കി. 25,000 രൂപ പിഴ ചുമത്തിയെങ്കിലും പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കടയുടമക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe