കോഴിക്കോട് ചാലപ്പുറത്തെ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി; വസ്ത്രങ്ങളടക്കം വീട്ടിനുള്ളില

news image
Sep 26, 2025, 2:06 am GMT+0000 payyolionline.in

കോഴിക്കോട്: ചാലപ്പുറത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടികള്‍ ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്ത് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.

 

വീട്ടുടമയുടെ കൈയില്‍നിന്ന് ഒരാള്‍ വാടകയ്‌ക്കെടുക്കുകയും അയാളുടെ കൈയില്‍നിന്ന് മറ്റൊരുയുവതി ഹോസ്റ്റല്‍നടത്താന്‍ വാടകയ്‌ക്കെടുക്കുകയും ചെയ്തതാണ് ഈ വീടെന്നും കസബ പോലീസ് പറഞ്ഞു.

ആ യുവതി കുട്ടികളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും കസബ പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി കാളൂര്‍ റോഡിലുള്ള ഒരു ഹോസ്റ്റലില്‍ താത്കാലികമായാണ് ഇവര്‍ താമസിച്ചത്. വസ്ത്രങ്ങള്‍ വീട്ടിനുള്ളിലായതിനാല്‍ ബുധനാഴ്ച രാത്രി പോലീസെത്തി വീടുതുറന്നുകൊടുക്കുന്നതുവരെ വസ്ത്രംമാറ്റാന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ഹോസ്റ്റല്‍നടത്തിയ സ്ത്രീയെ ബന്ധപ്പെടാന്‍ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും മറ്റുസാധനങ്ങളുമെല്ലാം വീട്ടിനുള്ളിലായതിനാല്‍ അതെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ കസബ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ കസബ പോലീസെത്തി വീട് തുറന്നുകൊടുത്തതോടെയാണ് സാധനങ്ങളെടുക്കാന്‍ സാധിച്ചത്. കൃത്യമായി വാടകനല്‍കിയിരുന്നെന്നും ഹോസ്റ്റല്‍നടത്തിയിരുന്ന യുവതി തങ്ങളോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe