കോഴിക്കോട് ∙ നഗരത്തിലെ ഡോക്ടറിൽ നിന്നു സഹായം അഭ്യർഥിച്ചു 4 കോടി രൂപയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ തട്ടിപ്പു സംഘത്തിനു പണം അയച്ച വിവിധ ബാങ്കുകളിലെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണ സംഘം റിപ്പോർട്ട് നൽകി. പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത് ചാരിറ്റി പ്രവർത്തനത്തിന്റെ മറവിലാണെന്നു പൊലീസ് കണ്ടെത്തി. നേരത്തെ ഡോക്ടർ വിവിധ സംസ്ഥാനങ്ങളിലെ സമാന സമുദായങ്ങളിലെ പ്രവർത്തകർക്കു പണം സഹായമായി നൽകിയിരുന്നു. ചാരിറ്റി പ്രവർത്തനത്തിനുപയോഗിച്ച വെബ്സൈറ്റിൽ നിന്നാണു പ്രതി ഡോക്ടറെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ശേഖരിച്ചതെന്നു വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പു സംഘം രാജസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണെന്നു സൂചന ലഭിച്ചിട്ടുണ്ട്. 7 മാസം കൊണ്ടാണു ഡോക്ടറിൽ നിന്നു 4,08,80,457 രൂപ തട്ടിയെടുത്തത്. സൈബർ തട്ടിപ്പു വഴി ജില്ലയിൽ കഴിഞ്ഞ 20 മാസത്തിനിടയിൽ 22 കോടി രൂപയിലേറെ കവർന്നതായി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ പറഞ്ഞു. തട്ടിപ്പിൽ കുടുങ്ങിയാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടണം.