കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് അധിക യാത്രാ ചിലവ്; ഹജ്ജ് വിമാന നിരക്കിനെതിരെ സുപ്രിംകോടതിയിൽ ഹർജി

news image
Mar 1, 2025, 2:19 pm GMT+0000 payyolionline.in

ദില്ലി: കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് അടിച്ചേൽപ്പിക്കുന്ന അധിക യാത്രാ ചിലവ് പുനപരിശോധിക്കണമെന്നും സാമ്പത്തികമായി പിന്നാക്ക അവസ്ഥയിൽ ഉള്ള മലബാറിൽ നിന്നുള്ള മുസ്ലിങ്ങൾക്ക് മതപരമായ കടമ നിർവ്വഹിക്കാൻ അവസരം ഒരുക്കണം എന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഉയർന്ന വിമാന നിരക്ക് ഹജ്ജിന് പോകുന്നവരിൽ നിന്ന് ഈടാക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

2025 ന് ഹജ്ജിന് പോകാൻ  സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് പ്രാദേശിക നേതാവടക്കമുള്ള ആറുപേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആറ് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകർ കേരളത്തിലെ മറ്റ് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും പോകുന്ന തീർത്ഥാടകരെക്കാൾ നാൽപതിനായിരം രൂപം കൂടുതൽ കൊടുക്കേണ്ടി വരുന്നു എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ ജിദ്ദയിലേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും ഏറെക്കുറെ ഒരേ ദൂരം ആണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് നിന്ന് ഹജ്ജിന് പോകുന്നവരിൽ നിന്ന് ഏകപക്ഷീയവും, വിവേചനപരവും ആയി വിമാന യാത്ര നിരക്ക് ഈടാക്കുന്നത് ഭരണഘടനയുടെ 14 ആം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന മത സ്വാത്രന്ത്യത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ആണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. രാജ്യസഭാ അംഗവും, അഭിഭാഷകനും ആയ ഹാരിസ് ബീരാൻ മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് ഉയർന്ന വിമാന നിരക്ക് നൽകേണ്ടി വരുന്നു എന്ന ആരോപണം നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രാലയം ശരിവച്ചിരുന്നു. വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികൾ, കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കുറയുന്നത് എന്നിവ കാരണം ആണ് യാത്ര നിരക്ക് വർദ്ധിക്കുന്നത് എന്ന് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നു.

കണ്ണൂർ, കൊച്ചി എന്നീ വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ നൽകേണ്ടി വരുന്നതിനേക്കാൾ കൂടുതൽ വിമാന യാത്ര നിരക്ക് കോഴിക്കോട് വഴി പോകുന്നവർക്ക് നൽകേണ്ടി വരുന്നു എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ അംഗം ഹാരിസ് ബീരാൻ നൽകിയ കത്തിന് നൽകിയ മറുപടിയിൽ ആണ് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹാരിസ് ബീരാൻ എം പി മുഖേനെ ഹാജിമാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe