കോഴിക്കോട്∙ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക് അതേ ബസ് കയറി മരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം. വെസ്റ്റ്ഹിൽ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്.
ബ്രേക്ക് ശരിയാക്കുന്നതിനായി സ്റ്റാൻഡിൽ ബസ് ട്രാക്കിനു പുറത്തു നിർത്തിയ സമയം മോഹനൻ ബസിനു കീഴിൽ അറ്റകുറ്റപ്പണിക്കായി കയറുകയായിരുന്നു. ഈ സമയം ട്രാക്ക് ഒഴിവുള്ളതു കണ്ട് ഡ്രൈവർ ബസിൽ കയറി മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കൾ: അനൂപ്,അനീഷ്, അശ്വതി. മരുമക്കൾ: ആമി, വിദ്യ, ശ്രീജിത്ത്. ബസ് ഡ്രൈവർക്കെതിരെ കസബ പൊലീസ് കേസെടുത്തു.