കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് വൻ എംഡിഎംഎ വേട്ട ; പയ്യന്നൂർ സ്വദേശി പിടിയിലായി

news image
Feb 6, 2025, 3:40 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖിനെ ഡാൻസാഫും നടക്കാവും പൊലീസും ചേർന്ന് പിടികൂടി. ഈ വർഷം മാത്രം 600 ഗ്രാം എംഡിഎംഎയാണ് കോഴിക്കോട് നഗരത്തിൽ പിടിച്ചെടുത്തത്.

രാവിലെ ഏഴുമണി കഴിഞ്ഞ സമയത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിൽ നിന്ന് പുതിയ സ്റ്റാൻഡ് പരിസരത്താണ്  മുഹമ്മദ് ഷഫീഖ് ഇറങ്ങിയത്. കയ്യിൽ ബാഗുമായി എത്തിയ ഷഫീഖിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനെ തുടർന്നാണ്  പ്രദേശത്തുണ്ടായിരുന്ന ഡാൻസാഫ് സംഘം  തടഞ്ഞ് പരിശോധിച്ചത്. തുടർന്ന് ബാ​ഗിനുള്ളിൽ 254 ഗ്രാം എംഡിഎംഎ കണ്ടെത്തി.

ബെംഗലൂരുവിൽ ടാക്സി ഡ്രൈവറാണ് ഷഫീഖ്. എംഡിഎംഎ ക്യാരിയറായി കോഴിക്കോടേക്ക് എത്തിയതാണ്. സമാന രീതിയിൽ ബെംഗളൂരുവിൽ പണിയെടുക്കുന്ന പലരും നാട്ടിൽ വരുമ്പോൾ, എംഡിഎം കടത്താറുണ്ടെന്ന്  പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ കുന്നമംഗലത്ത് ലോഡ്ജിൽ വച്ച് 28  ഗ്രാം എംഡിഎംയുമായി രണ്ടുപേർ പിടിയിലായിരുന്നു.

കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു മയക്കുമരുന്ന്. ജനുവരി 22നും കാക്കിലോയോളം എംഡിഎംയുമായി രണ്ടുപേരെ ഡാൻസാഫും കുന്ദമംഗലം പൊലീസും പിടിച്ചിരുന്നു. മാളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി, മയക്കുമരുന്ന് കടത്തു സംഘങ്ങളെത്തുന്നിടങ്ങളിലെല്ലാം വ്യാപക പരിശോധനയാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്.

സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആൻറി നാർക്കോട്ടിക് ടീമാണ് ഡാന്‍സാഫ്. രാപ്പകൽ ഇല്ലാതെ നഗരത്തിന്റെ മുക്കിലും മൂലയിലും മയക്കുമരുന്ന് മാഫിയകൾ തമ്പടിക്കുന്ന പ്രദേശങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, വാടക വീടുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ, മാളുകൾ, ഫുട്ബോൾ ടർഫുകൾ ബീച്ചുകൾ കേന്ദ്രീകരിച്ച് ഡിസിപിയുടെയും നാർക്കോട്ടിക് എസിയുടെ നിർദ്ദേശാനുസരണം പരിശോധന നടത്തുന്നതാണ് ഇവരുടെ രീതി.  പൊതുജനങ്ങൾക്ക് ലഹരി ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപ്പെട്ടാൽ ഡാൻസാഫ് ടീമിനെ വിവരമറിയിക്കാവുന്നതാണ്.

വിവരം അറിയിക്കാം: +91 98472 01116

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe