കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ പരാതി. അതിജീവിതയുടെ പരാതിയിലെ പ്രധാന ഭാഗങ്ങൾ പൊലീസിനു നൽകിയ മൊഴിയിൽ നിന്നു വിട്ടു കളഞ്ഞെന്നും പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്നുമാണു പരാതി. ഗൈനക്കോളജിസ്റ്റ് ഡോ.കെ.വി.പ്രീതയ്ക്കെതിരെ അതിജീവിത പൊലീസ് കമ്മിഷണർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പരാതി നൽകി. പരാതി ഗൗരവതരമാണെന്നും അടിയന്തരമായി റിപ്പോർട്ട് നൽകാൻ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
മാർച്ചിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയിൽ ഐസിയുവിൽ കിടക്കുമ്പോൾ ആശുപത്രി അറ്റൻഡർ എം.കെ.ശശീന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു യുവതിയെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡോ.കെ.വി.പ്രീതയോട് സൂപ്രണ്ട് നിർദേശിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. വൈദ്യപരിശോധന നടത്തിയ ഡോക്ടറിൽ നിന്നു പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.
എന്നാൽ ഈ മൊഴിയിൽ നിർണായകമായ വിവരങ്ങൾ വിട്ടു കളഞ്ഞെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ‘വൈദ്യ പരിശോധനയിൽ അതിജീവിതയ്ക്ക് മുറിവോ രക്തസ്രാവമോ കണ്ടില്ല. ആന്തരിക അവയവങ്ങൾക്ക് പരുക്കൊന്നും കണ്ടെത്താത്തതിനാൽ സാംപിളുകൾ ശേഖരിച്ചില്ല. ഗുരുതരമായ ലൈംഗിക അതിക്രമം നേരിട്ടതായി പരിശോധന സമയത്ത് അതിജീവിത പറഞ്ഞിട്ടില്ല’’ എന്നാണ് കെ.വി.പ്രീത പൊലീസിനു മൊഴി നൽകിയത്.
ഈ മൊഴി പുറത്തു വന്നതോടെയാണു കേസിൽ അട്ടിമറി ആരോപിച്ച് അതിജീവിത രംഗത്തുവന്നത്. നിർണായക വിവരങ്ങൾ വിട്ടു കളഞ്ഞതു പ്രതിയെ സഹായിക്കാനാണെന്ന് അതിജീവിത ആരോപിച്ചു. സംഭവിച്ച കാര്യങ്ങൾ വ്യക്തമായി ഡോക്ടറെ അറിയിച്ചിരുന്നുവെന്നു യുവതി പറഞ്ഞു. ഉന്നത സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും തുടക്കം മുതൽ ശ്രമമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് മൊഴി അട്ടിമറിച്ചതെന്നും അതിജീവിത ആരോപിച്ചു.