കോഴിക്കോട് വീട്ടിൽ നിന്ന് അഞ്ചുപേരെ കാണാതായെന്ന പരാതിയുമായി ​ഗൃഹനാഥൻ, കർണാടകയിലേക്ക് തിരിച്ച് പൊലീസ് 

news image
Feb 3, 2024, 9:36 am GMT+0000 payyolionline.in
കോഴിക്കോട്: ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് ഗൃഹനാഥന്‍. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയാണ് പരാതിക്കാരന്‍.  ഇയാളുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17) എന്നിവരെയാണ് കഴിഞ്ഞ മാസം 20 മുതല്‍ കാണാതായത്. തുടര്‍ന്ന് 24ന് മധു ഷെട്ടി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.

സര്‍ക്കസുകാരായ മധുഷെട്ടിയും കുടുബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. നന്നായി മലയാളം സംസാരിക്കുന്ന ഇവര്‍ സമീപ വീട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. തെങ്ങുകയറ്റവും ലോട്ടറി വില്‍പനയും ഉള്‍പ്പെടെയുള്ള ജോലിയായിരുന്നു മധു ചെയ്തിരുന്നത്. സ്വപ്ന സമീപത്തെ വീടുകളില്‍ വീട്ടു ജോലിയും ചെയ്തിരുന്നു. മൂത്ത മകള്‍ പൂജ ശ്രീ ഭിന്നശേഷിക്കാരിയും കാവ്യശ്രീ  അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കാണാതായ ദിവസം അഞ്ച് പേരും നാട്ടില്‍ തന്നെയുള്ള ഒരു ഓട്ടോക്കാരനെ വിളിച്ച് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയിട്ടുണ്ട്.

 

സംസാരത്തില്‍ ഇവര്‍ ബാംഗ്ലൂരിലേക്ക് പോകാനുള്ള ശ്രമമായിരുന്നുവെന്ന് തോന്നിയതായി ഓട്ടോ ഡ്രൈവര്‍ പറയുന്നു. മധുഷെട്ടിയും സ്വപ്‌നയും തമ്മില്‍ വല്ലപ്പോഴും വഴക്കുണ്ടാവാറുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ വീടു വിട്ടുപോകാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നുമാണ് സമീപ വീട്ടുകാര്‍ പറയുന്നത്. ശബരിമലയില്‍ ദര്‍ശനത്തിന് പോയി മടങ്ങിയെത്തിയ മധുഷെട്ടി ഇവരെ കാണാതാകുന്നതിന്റെ തലേ ദിവസം മദ്യപിച്ചെത്തിയതായും ഇതിന്റെ പേരില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായതായും സൂചനയുണ്ട്.

 

അതേസമയം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവരുടെ സിംകാര്‍ഡുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. അതേസമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇവര്‍ കര്‍ണാടകയില്‍ ഉള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ ഭാഗമായി ഒരുസംഘം പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe