കോഴിക്കോട്: ചെറൂട്ടി റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പട്ടാമ്പി സ്വദേശി പൂതാനിയില്‍ സൈഫുദ്ദീ(36)നെയാണ് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന ഷോപ്പിന്റെ തൊട്ടു മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗസല്‍ കമ്പ്യൂട്ടറൈസ്ഡ് എംബ്രായിഡറി ഷോപ്പിന്റെ നടത്തിപ്പുകാരന്‍ ആണ് ഇയാൾ.
പൊലീസിന്റെ കേസ് അന്വേഷണം തിരിച്ചു വിടുന്നതിനായി പ്രതി തൊട്ടു തലേ ദിവസം അയാളുടെ ഷോപ്പില്‍ 3,75,000 രൂപ മോഷണം നടന്നെന്നുള്ള കള്ള പരാതിയും സ്റ്റേഷനില്‍ നൽകിയിരുന്നു. ഏപ്രിൽ 27ന് രാത്രി ചെറൂട്ടി റോഡിലുള്ള ARTCO LTD എന്ന സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ച 2,26,000 രൂപ മോഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ടൌണ്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പറ്റി പൊലീസ് മനസ്സിലാക്കിയത്.
ടൌണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷിൻ്റെ നേതൃത്വത്തില്‍ എസ് ഐമാരായ ശ്രീസിത കിരണ്‍, മുഹമ്മദ് ഷബീര്‍, എസ് സി പി ഒമാരായ പ്രജീഷ്, തെഹസീം, റിജേഷ്, സുജിത്, ശ്രീജേഷ്, ദിപിന്‍, മുഹമ്മദ് ജലീല്‍, ഗ്രേഡ് എസ് ഐ ഷാലു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.