കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

news image
Jul 5, 2025, 10:41 am GMT+0000 payyolionline.in

മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 18 മുതൽ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്റൈൻ-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സർവീസുകളുണ്ടാകും. നിലവിൽ വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസങ്ങളിൽ ഒരു സർവീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.

ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളിൽ ഇനി രണ്ട് സർവീസുകളാവും എക്സ്പ്രസ് നടത്തുക. ബഹ്റൈനിൽ നിന്ന് രാത്രി 9.10 ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 4.10 ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന വിമാനം ബഹ്റൈൻ സമയം രാത്രി 8.10ന് ബഹ്റൈനിലുമെത്തിച്ചേരും.

അവധിക്കാലത്തെ തിരക്കുകൾക്ക് കൂടുതൽ ആശ്വാസമേകാൻ വെള്ളിയാഴ്ചകളിലെ അധിക സർവീസിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്. ജൂലൈ 15 മുതൽ ഒക്ടോബർ 25വരെ ഡൽഹിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള സർവീസ് എക്സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിലേക്കും ഡൽഹി വഴി കണക്ഷൻ മാർഗമുണ്ടായത് കൊണ്ട് മലയാളികളടക്കം നിരവധി പ്രവാസികളായിരുന്നു ഈ റൂട്ടിലെ സർവീസിനെ ആശ്രയിച്ചിരുന്നത്. അത്തരക്കാർക്ക് വലിയ തിരിച്ചടിയാ‍യിരുന്നു ഡൽഹി റൂട്ടിലെ സർവീസ് റദ്ദാക്കൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe