കോൺഗ്രസ് പിരിച്ച തുക എവിടെ?; വയനാട്ടിൽ ഭവനപദ്ധതി വൈകുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

news image
Mar 29, 2026, 8:45 am GMT+0000 payyolionline.in

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കുന്നംപറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് മുൻപിലെ വഴിയിൽ കുടിൽകെട്ടിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

ദുരന്തബാധിതരെ കോൺഗ്രസ് വഞ്ചിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. വീട് നിർമ്മാണം തുടങ്ങിയില്ലെന്ന് മാത്രമല്ല, പദ്ധതിക്കായി പിരിച്ച തുക എത്രയാണെന്ന് വെളിപ്പെടുത്താൻ പോലും കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് വി. വസീഫ് വിമർശിച്ചു. പുനരധിവാസത്തിന്റെ പേരിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ വീടുകളുടെ പണി പൂർത്തിയായെന്നും ദുരന്തബാധിതർക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ അവിടെ താമസിക്കാമെന്നും വസീഫ് വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾ വേഗത്തിൽ പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ നിലപാട്. പ്രതിഷേധത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe