ക്യാമ്പസിലേക്കിന്ന് അവസാന യാത്ര; ആൽവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും

news image
Dec 6, 2024, 3:17 am GMT+0000 payyolionline.in

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് പൂർത്തിയാക്കി പുലർച്ചയോടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പത്തുമണിയോടെ ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളേജിന്റെ ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം തിങ്കളാഴ്ചയാകും സംസ്കരിക്കുക.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ആൽവിൻ ഇന്നലെ രാത്രിയാണ് മരിച്ചത്. അപകടത്തിൽ തലച്ചോറ്‌, ശ്വാസകോശം, വൃക്ക, പ്ലീഹ, ഇടതു തുടയെല്ല്‌, മുട്ട്‌ എന്നിവയ്‌ക്ക്‌ ഗുരുതരമായി ക്ഷതമേറ്റ ആൽവിൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോളിട്രോമാ കാറ്റഗറിയിൽ ചികിത്സയിലായിരുന്നു. പിന്നീട്‌  മാതാപിതാക്കളുടെ ആവശ്യപ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാർഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. പതിനൊന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ്‌ വിദ്യാർഥികളായ മുഹമ്മദ്‌ അബ്‌ദുൾ ജബ്ബാർ, പി പി മുഹമ്മദ്‌ ഇബ്രാഹിം, ശ്രീദീപ്‌ വത്സൻ, ബി ദേവനന്ദൻ, ആയുഷ്‌ ഷാജി എന്നിവർ അപകടത്തിൽ നേരത്തെ മരിച്ചിരുന്നു.

അപകടത്തിൽ പരിക്കേറ്റ കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി. തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ആശുപത്രിവിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe