ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ആദായനികുതി വകുപ്പ്

news image
Feb 21, 2026, 4:32 pm GMT+0000 payyolionline.in

കോഴിക്കോട്: ഇന്ത്യയില്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കായി ആദായനികുതി വകുപ്പ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. 2026 ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. പുതിയ നിയമം സാമ്പത്തിക ഇടപാടുകളെയും നികുതി ആസൂത്രണത്തെയും നേരിട്ട് ബാധിക്കുന്നവയാണ്.

പുതിയ നിയമ പ്രകാരം ഒരു സാമ്പത്തിക വർഷം ഒന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകള്‍ വഴി നടത്തുന്ന പണമിതര ഇടപാടുകള്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ ബാങ്കുകള്‍ ആ വിവരം ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതാണ് . കൂടാതെ, ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ക്രെഡിറ്റ് കാർഡ് ബില്ലായി പണം അടച്ചാലും അത് റിപ്പോർട്ട് ചെയ്യപ്പെടും. വലിയ ഇടപാടുകള്‍ സുതാര്യമാക്കാനാണ് ഈ നീക്കം.

പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതല്‍ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകള്‍ വിലാസത്തിനുള്ള രേഖയായി സമർപ്പിക്കാം. മൂന്ന് മാസത്തില്‍ താഴെ പഴക്കമുള്ള സ്റ്റേറ്റ്‌മെന്റുകളാണ് ഇതിനായി സ്വീകരിക്കുന്നത്.

ആദായനികുതി ഓണ്‍ലൈനായി അടയ്ക്കുന്നതിന് ഇനി ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാം. നേരത്തെ ഡെബിറ്റ് കാർഡുകളും നെറ്റ് ബാങ്കിംഗും മാത്രമേ ലഭ്യമായിരുന്നുള്ളൂ. സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാർക്ക് നല്‍കുന്ന ക്രെഡിറ്റ് കാർഡുകളുടെ ചെലവ് കമ്പനിയാണ് വഹിക്കുന്നതെങ്കില്‍ അത് നികുതിക്ക് വിധേയമായ ഒരു ആനുകൂല്യമായി കണക്കാക്കും. എന്നാല്‍ ഈ കാർഡ് ഉപയോഗിച്ച്‌ നടത്തുന്ന ചെലവുകള്‍ പൂർണ്ണമായും ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കമ്പനി സൂക്ഷിക്കുന്നുണ്ടെങ്കില്‍ നികുതി ഇളവ് ലഭിക്കും.

പുതിയ ക്രെഡിറ്റ് കാർഡുകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ പാൻ നമ്പർ നല്‍കേണ്ടത് ഇനി മുതല്‍ നിർബന്ധമാണ്. പാൻ ഇല്ലാത്ത അപേക്ഷകള്‍ ബാങ്കുകള്‍ സ്വീകരിക്കില്ല. സാമ്പത്തിക ഇടപാടുകളെ നികുതി സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനും വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനും വേണ്ടിയാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe