ആനക്കര (പാലക്കാട്): പ്രിൻസിപ്പലിന് നേരെ സ്കൂൾ വിദ്യാർഥിയുടെ വധഭീഷണി. പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് വണ്ണിൽ പഠിക്കുന്ന കുമ്പിടി സ്വദേശിയായ വിദ്യാർഥിയാണ് പ്രിൻസിപ്പലിന്റെ റൂമിലെത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് വിദ്യാർഥികൾക്ക് കർശന നിർദേശം അധികൃതർ നൽകിയിരുന്നു. എന്നാൽ, നിർദേശം ലംഘിച്ച് വിദ്യാർഥി ഫോൺ ക്ലാസിൽ കൊണ്ടുവരികയും അധ്യാപകൻ പിടിച്ചെടുത്ത് പ്രിൻസിപ്പലിനെ ഏൽപ്പിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാർഥി ഓഫിസ് റൂമിലെത്തി പ്രിൻസിപ്പൽ അനിൽ കുമാറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ, പ്രിൻസിപ്പൽ അനിൽ കുമാർ തൃത്താല പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിൽ അടിയന്തര പി.ടി.എ യോഗം ഇന്ന് നടക്കും.