കൊച്ചി: ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ സേവന ദാതാക്കളായ ക്ലൗഡ് ഫ്ലെയറിന്റെ സാങ്കേതിക തടസ്സത്തിൽ ലോകമെമ്പാടുമുള്ള പ്രധാന വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും സേവനം താറുമാറായി. സാമൂഹിക മാധ്യമമായ എക്സ്, ചാറ്റ് ജിപിടി, ഓപ്പൺ എഐ, സ്പോട്ടിഫൈ, പെർപ്ലെക്സിറ്റി അടക്കമുള്ളവയുടെ ഉപഭോക്താക്കളാണ് സേവനം തടസ്സപ്പെട്ടതോടെ വലഞ്ഞത്. സെർവർ തകരാറുമായി ബന്ധപ്പെട്ട ‘500 എറർ’ ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ സാങ്കേതിക തകരാർ പരിഹരിച്ചതായും എക്സിൽ കുറിച്ചു
സുഗമവും സുരക്ഷിതവുമായ സേവനത്തിന് ലോകത്ത് എത്രത്തോളം പ്രമുഖ വെബ്സൈറ്റുകളും ആപ്പുകളും ക്ലൗഡ് ഫ്ലെയറിനെ ആശ്രയിക്കുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു ചൊവ്വാഴ്ച രാവിലെ മുതൽ നേരിട്ട തകരാർ. രാവിലെ 11 മണിയോടെയാണ് ആഗോളതലത്തിൽ ഉപയോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള പ്ലാറ്റ്ഫോമുകൾ പേജ് ലോഡ് ചെയ്യാൻ കഴിയാതെ വന്നു. ക്ലൗഡ് ഫ്ലെയറിനെ ആശ്രയിക്കുന്നതിനാൽ ഇന്റർനെറ്റിലെ സേവന തടസ്സം ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റക്ടറിനും തടസ്സമുണ്ടായി. ഡൗൺ ഡിറ്റക്ടർ വീണ്ടും ലോഡായതോടെ റിപ്പോർട്ടുകൾ നിരവധിയായി ഉയർന്നു.
എന്താണ് ക്ലൗഡ് ഫ്ലെയർ
വെബ്സൈറ്റുകൾക്ക് സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷയും ഒപ്പം ഉള്ളടക്കം വേഗത്തിൽ ലോഡ് ചെയ്യാനും സഹായിക്കുന്ന അമേരിക്കൻ കമ്പനിയാണ് ക്ലൗഡ് ഫ്ലെയർ. ഈ സേവനങ്ങൾക്കായി ക്ലൗഡ് ഫ്ലെയറിലാണ് പല പ്ലാറ്റ്ഫോമുകളുടെയും സെർവറുകൾ ഹോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽത്തന്നെ വലിയ അളവിലുള്ള ഡേറ്റ ക്ലൗഡ് ഫ്ലെയർ ചെയ്യുന്നുണ്ട്.
