ബംഗളൂരു: പുത്തൂരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പൊതുപരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 13 പേർ കുഴഞ്ഞുവീണു. അശോക് റായി എം.എൽ.എയുടെ നേതൃത്വത്തിൽ കൊമ്പെട്ടു ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘അശോക ജനമന 2025’പരിപാടിക്കിടെയാണ് സംഭവം.
ദീപാവലിയോടനുബന്ധിച്ച് വസ്ത്രം ഉൾപ്പെടെ സമ്മാനങ്ങൾ നൽകുന്ന ജനമന സംരംഭത്തിന്റെ 13ാം വർഷത്തെ പരിപാടി ആയിരുന്നു ഇത്. ഒരു ലക്ഷത്തിനടുത്ത് ആളുകൾ രാവിലെത്തന്നെ ഗ്രൗണ്ടിലെത്തിയിരുന്നു. ഉച്ചക്ക് 12ന് മുഖ്യമന്ത്രി എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇദ്ദേഹം ഒരു മണിക്കാണ് എത്തിയത്.
വെള്ളവും ഭക്ഷണവും ഇല്ലാതെ ജനം വലഞ്ഞു. തിരക്കിനിടയിൽ ശ്വാസം മുട്ടിയും നിർജലീകരണം സംഭവിച്ചുമാണ് തളർന്നുവീണത്. ഇവരെ പുത്തൂർ താലൂക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.