കർണാടകയിൽ മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ച സംഭവം: ബലാത്സംഗത്തിനും കേസ്

news image
Jan 12, 2024, 12:21 pm GMT+0000 payyolionline.in

ന്യൂഡൽഹി: കർണാടകയിൽ ഹോട്ടൽ മുറിയിൽ കയറി മിശ്രവിവാഹിതരായ ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ബലാത്സംഗത്തിനും കേസെടുത്തു. യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുറിയിൽ നിന്ന് തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അക്രമികൾ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടൽ മുറിയിൽ തന്നെ ബലമായി കാറിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്. വണ്ടിയുടെ ഡ്രൈവറും ബലാത്സംഗത്തിനിരയാക്കി. അതിനു ശേഷം ബസ്‍സ്റ്റോപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

ആദ്യം ബലാത്സംഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും യുവതിയുടെ വിഡിയോ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ഇക്കാര്യം മനസിലായതെന്നും പൊലീസ് പ്രതികരിച്ചു. മുസ്‍ലിം യുവതി മറ്റൊരു മതത്തിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലാണ് സംഭവം. യുവാവും യുവതിയും താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തിയായിരുന്നു ആറംഗസംഘം അക്രമം നടത്തിയത്. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.വാതിലിൽ മുട്ടിയ ശേഷം ആറുപേർ ഹോട്ടൽമുറിയുടെ പുറത്ത് കാത്തുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഉടൻ തന്നെ ഒരു യുവാവ് വാതിൽ തുറന്നു. അകത്തിരുന്ന യുവതി ശിരോവസ്ത്രം കൊണ്ട് തലമറക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. അക്രമികൾ യുവതിയെ അടിച്ചു താഴെയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമികൾ വളഞ്ഞിട്ട് പൊതിരെ തല്ലുകയും ചെയ്തു. അക്രമികളിലൊരാൾ യുവതിയെ കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിഴച്ചു. യുവതി തലമറക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ അത് വലിച്ചൂരിയെറിയുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe