പാലക്കാട്: രഥോത്സവത്തിന്റെ വരവറിയിച്ച് കൽപ്പാത്തിയിലെ ക്ഷേത്രങ്ങളിൽ ബുധനാഴ്‌ച കൊടിയേറും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലും പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിലും പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലും പകൽ 9.30നും 11നും ഇടയിൽ കൊടിയേറും. 12നാണ് അഞ്ചാംതിരുനാൾ ആഘോഷം.
പുതിയ കൽപ്പാത്തി ജങ്ഷനിൽ രാത്രി 11.30ന് ചെറുരഥങ്ങൾ സംഗമിക്കും. കൊടിയേറ്റത്തിനുമുമ്പുള്ള വാസ്തുശാന്തി ചൊവ്വാഴ്ച നടക്കും. രഥങ്ങളുടെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്. പാലക്കാട്ടെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യ ഉത്സവംകൂടിയാണ് രഥോത്സവം. തമിഴ്‌നാട്ടിൽനിന്നടക്കമുള്ളവർ വഴിയോര കച്ചവടം ലക്ഷ്യമിട്ട് കൽപ്പാത്തിയിലേക്ക് എത്തി തുടങ്ങി. റോഡുകളുടെ അറ്റകുറ്റപ്പണിയും തുടങ്ങി. 14, 15, 16 തീയതികളിലാണ് രഥോത്സവം. കൽപ്പാത്തി രഥോത്സവത്തോടെ ജില്ലയിലെ അഗ്രഹാര ക്ഷേത്രങ്ങളിൽ ആറുമാസം നീളുന്ന രഥോത്സവങ്ങൾക്ക് തുടക്കമാകും.
16ന് പ്രാദേശിക അവധി
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് 16ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. മുമ്പ് നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.