ഖത്തറിൽനിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ (Unified Payments Interface) വഴി അതിവേഗം പണമയക്കാനുള്ള പുതിയ സംവിധാനം നിലവിൽ വന്നു. ഇന്ത്യ പോസ്റ്റ്, ഖത്തർ പോസ്റ്റ്, യുണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU), എൻ.പി.സി.ഐ, ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL) എന്നിവ സംയുക്തമായാണ് ‘PosTransfer powered by UPI’ സേവനം ആരംഭിച്ചത്.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് ചെറുകിട വരുമാനക്കാർക്കും തൊഴിലാളികൾക്കും, നാട്ടിലേക്ക് ഏറ്റവും ലളിതമായും കുറഞ്ഞ നിരക്കിലും പണമയക്കാൻ ഇത് സഹായകമാവും.
നാട്ടിൽ പണം സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ്.സി (IFSC) കോഡോ ആവശ്യമില്ല; യുപിഐ ഐഡി (UPI ID) മാത്രം മതിയാകും. ഒരു ഇടപാടിന് ഫ്ലാറ്റ് നിരക്കായി 15 ഖത്തർ റിയാൽ (QAR 15) മാത്രമാണ് സർവീസ് ചാർജ്. അയക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 10 റിയാൽ, കൂടിയ തുക 4,000 റിയാൽ.
