കോഴിക്കോട്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29 ) ആയിരുന്നു അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 2.30നാണ് മൃതദേഹം കരിപ്പൂർ വിമാനത്തവളത്തിൽ എത്തിച്ചത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. 6.30ഓടെ വീട്ടിൽ എത്തിച്ചു.
ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ച ഏക മലയാളിയാണ് അർജുൻ.
ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാൻ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റിൽ സ്ഫോടനമുണ്ടായത്. അറ്റകുറ്റ പ്രവർത്തികൾക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12 പേർ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് കനത്ത തകരാർ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാന്റുകൾ, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തിൽ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്ന അതീവ സങ്കീർണ്ണമായ ‘കൂൾഡൗൺ’ ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായത്.
