ഗംഗയിലെ മലിനജലം: കുംഭമേളക്കെത്തുന്ന തീർഥാടകരെ കാത്തിരിക്കുന്നത്‌ വൻ ആരോഗ്യപ്രശ്‌നങ്ങളെന്ന്‌ ഹരിത ട്രൈബ്യൂണൽ

news image
Dec 6, 2024, 3:33 am GMT+0000 payyolionline.in

ന്യൂഡൽഹി: ഗംഗയിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കുംഭമേളക്കെത്തുന്ന  തീർഥാടകരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. 40 ദിവസത്തെ മഹാ കുംഭമേള ജനുവരി 14-നാണ്‌ ആരംഭിക്കുക. ഫെബ്രുവരി 26 ന്  അവസാനിക്കും.

എന്നാൽ നഗരത്തിലെ എട്ട് കിലോമീറ്റർ ദൂരത്തിൽ 50 അഴുക്കുചാലുകൾ ഗംഗ നദിയിലേക്ക് നേരിട്ട് മലിനജലം ഒഴുക്കുന്നതായി ദേശീയ ഹരിത ട്രൈബ്യൂണലിന്‌ ലഭിച്ച ഹർജിയിൽ പറയുന്നുണ്ട്‌. ഈ സംഭവത്തിൽ  സെപ്‌തംബറിൽ  ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയുടെ കീഴിൽ ട്രിബ്യൂണൽ ഒരു ഉന്നതാധികാര സമിതി (എച്ച്പിസി) രൂപീകരിക്കുകയും പ്രതിരോധ നടപടികളെക്കുറിച്ച് നവംബർ 23 നകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

“കുംഭമേള ആരംഭിക്കുന്നതിന് മുമ്പ് ഗംഗാനദിയിൽ  മലിനജലം പുറന്തള്ളുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണം.  കോടിക്കണക്കിന് ആളുകൾ മേള സന്ദർശിക്കും, അതിനാൽ ഈ വിഷയത്തിൽ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ ആളുകളുടെ ആരോഗ്യത്തെ ബാധിക്കപ്പെടും.   ഈ വിഷയത്തിൽ എച്ച്പിസി കാര്യക്ഷമമായി ഇടപെടുമെന്ന്‌ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ട്രിബ്യൂണൽ പറഞ്ഞു.

എന്നാൽ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സമയം വേണമെന്ന യുപി സർക്കാർ അപേക്ഷയിൽ ട്രിബ്യൂണൽ അതൃപ്തി രേഖപ്പെടുത്തി.

റിപ്പോർട്ട് തയ്യാറാക്കിക്കഴിഞ്ഞുവെന്നും അത് വിലയിരുത്തലിനും ഒപ്പിനുമായി ചീഫ് സെക്രട്ടറിക്ക് മുമ്പാകെ വച്ചിട്ടുണ്ടെന്നുമാണ്‌ യുപി സർക്കാർ പറഞ്ഞത്‌. അങ്ങനെയാണെങ്കിൽ, റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലയെന്ന്‌ ട്രിബ്യൂണൽ പറഞ്ഞു. യുപി സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe