ബംഗളൂരു: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി ഐ.എസ്.ആർ.ഒ. രാവിലെ പത്ത് മണിയോടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ക്രൂ മൊഡ്യൂളുമായി റോക്കറ്റ് കുതിച്ചുയർന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.
ഒമ്പത് മിനിറ്റ് 51 സെക്കൻഡിലാണ് ഐ.എസ്.ആർ.ഒ പരീക്ഷണ വിക്ഷേപണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കിയത്. ഒമ്പത് മിനിറ്റിനൊടുവിൽ പ്രതിക്ഷിച്ചത് പോലെ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. നേരത്തെ എട്ട് മണിക്ക് വിക്ഷേപണം നടത്തുമെന്നാണ് ഐ.എസ്.ആർ. ഒ അറിയിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ മൂലം ഇത് എട്ടരയിലേക്കും പിന്നീട് 8:45ലേക്കും മാറ്റി. പിന്നീട് വിക്ഷേപണം നടത്താൻ അഞ്ച് സെക്കൻഡ് മാത്രം ബാക്കിയുപ്പോൾ ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
ഏതെങ്കിലും സാഹചര്യത്തിൽ ഗഗൻയാൻ ദൗത്യം റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള പരീക്ഷണവിക്ഷേപണമാണ് ഇന്ന് നടത്താനിരുന്നത്. ഇതിനായുള്ള ക്രൂ മൊഡ്യൂൾ കഴിഞ്ഞ ദിവസം വിക്ഷേപണവാഹനത്തിൽ ഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) പരീക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് പരീക്ഷണം. ഇതിനായി വികസിപ്പിച്ചെടുത്ത സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടി.വി.ഡി1. ഇതിൽ ക്രൂ മൊഡ്യൂൾ (സി.എം), ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) എന്നിവയാണ് പ്രധാന ഭാഗങ്ങൾ. യഥാർഥ മൊഡ്യൂളിന്റെ അതേ സ്വഭാവത്തിലുള്ളതാണ് പരീക്ഷണത്തിനുള്ളതും. നിശ്ചിത ഉയരത്തിൽനിന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന പേടകം ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ കരയിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്.