കൊയിലാണ്ടി: നന്തിയില്‍ സ്വകാര്യ ബസ് ബൈപ്പാസ് റോഡിലെ മണ്‍തിട്ടയില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ട് നന്തി സ്റ്റാന്‍ ഹോട്ടലിന് മുന്‍വശത്താണ് സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ടാലന്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
സര്‍വ്വീസ് റോഡില്‍ ഗതാഗതകുരുക്ക് കണ്ടതോടെ ബസ് ബൈപ്പാസ് റോഡിലൂടെ ഇറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അല്പദൂരം മുന്നോട്ട് പോയശേഷം ബസിന്റെ മുന്‍വശത്തെ ടയര്‍ മണ്ണില്‍ കുടുങ്ങി. മഴയില്‍ മണ്ണ് നനഞ്ഞതിനാല്‍ ബസ് പിന്നോട്ട് എടുക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല.
ഇതിനിടെ യാത്രക്കാര്‍ക്ക് മറ്റ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ബസ് ജീവനക്കാര്‍ ബസ് മണ്ണില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചത് വാക്കേറ്റത്തിലേക്ക് കടന്നതായി വിവരമുണ്ട്. അപകടസമയത്ത് ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.