ബെംഗളൂരു: രാജ്യത്ത് ഗതാഗതക്കുരുക്കിൽ മുന്നിലുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കഴിഞ്ഞ കുറച്ചുദിവസമായി ഇവിടുത്തെ സ്ഥിതി ദയനീയമാണെന്ന് പറയേണ്ടിവരും. വാഹനങ്ങളുടെ വലിയ നിരയാണ് നഗരങ്ങളിൽ പലയിടത്തും ദൃശ്യമാകുന്നത്. നമ്മ മെട്രോ നിർമാണം, റോഡ് അറ്റകുറ്റപ്പണികൾ, കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് എന്നിവയെല്ലാമാണ് ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിന് കാരണമാകുന്നത്. ഇതിനുപുറമെ ഐപിഎൽ മത്സരങ്ങളുള്ള ദിവസമാണെങ്കിൽ കുറച്ചുകൂടി വാഹനങ്ങൾ കൂടും.
ട്രാഫിക് കുരക്കില്ലാതെ ബെംഗളൂരുവിലൂടെ സഞ്ചരിക്കാൻ ചില വഴികൾ അറിയാം.ബെംഗളൂരു ഔട്ടർ റിങ് റോഡിലാണ് ഗതാഗതകുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. സിൽക്ക് ബോർഡ് മുതൽ മറത്തഹള്ളി വരെ ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളിൽ നമ്മ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ബെല്ലന്ദൂർ, എക്കോസ്‌പേസ്, ദേവരബിസനഹള്ളി, കടുബീസനഹള്ളി എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മഴ കാരണം സർജാപൂർ റോഡിലും ഇബ്ലൂർ ജങ്ഷനിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതു ഗതാഗതക്കുരുക്ക് വർധിപ്പിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചില റൂട്ടുകളിതാ
- വൈറ്റ്ഫീൽഡിലേക്ക് പോകുന്നവർ മറത്തഹള്ളി വഴി പോകാതെ വർത്തൂർ റോഡ് വഴി ഡൊമ്മസാന്ദ്ര വഴി പോകുക.
- ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഇന്ദിരാനഗറിലേക്കോ എംജി റോഡിലേക്കോ പോകുന്നവർ ഹോസൂർ റോഡ് – കോറമംഗല – ഇന്നർ റിങ് റോഡ് വഴി പോകുക. സിൽക്ക് ബോർഡ് ഫ്ലൈഓവർ ഒഴിവാക്കാം.
- ബെല്ലന്ദൂരിൽ നിന്ന് ഹെബ്ബാളിലേക്ക് പോകുന്നവർ എച്ച്എസ്ആർ ലേഔട്ട് – കോറമംഗല – മെഖ്രി സർക്കിൾ വഴി പോകുക. ഇത് താരതമ്യേന തിരക്ക് കുറഞ്ഞ വഴിയാണ്.
- മറത്തഹള്ളിയിൽ നിന്ന് സർജാപൂരിലേക്ക് പോകാൻ ഇബ്ലൂർ ജങ്ഷൻ റൂട്ട് എടുക്കാതെ ഗഞ്ജുർ – പനത്തൂർ റോഡ് വഴി പോകുക.
- ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡ്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ്, ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ് തുടങ്ങിയ, യാത്രക്കാർ കൂടൂതലായി കടന്നു പോകുന്ന പല ഇടങ്ങളും കനത്ത ഗതാഗതക്കുരുക്കിലാണ്. ഇത് കൂടാതെ, പല റോഡുകളും അടച്ചിട്ടിരിക്കുന്നതും വഴി തിരിച്ചു വിടുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരക്ക് കുറഞ്ഞ റൂട്ടുകൾ തെരഞ്ഞെടുക്കുന്നതാും യാത്രയ്ക്ക് ഉചിതം.
-
ട്രാഫിക് നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിച്ചു
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ നഗരത്തിൽ നിയമിച്ചിട്ടുണ്ട്. ട്രാഫിക് കൂടുതൽ ഉള്ള സ്ഥലങ്ങളിലെല്ലാ പോലീസുകാർ ഉണ്ടാകും. മെട്രോ അധികൃതരുമായും ബിബിഎംപിയുമായും ചേർന്ന് ട്രാഫിക് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രധാന റോഡുകളിൽ ദിശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.