ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, 1948 ലെ കരാർ ലംഘിച്ചു; യുഎൻ ഇടപെടണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍

news image
Dec 5, 2024, 2:18 pm GMT+0000 payyolionline.in

ന്യൂയോർക്ക്: ഗാസയിൽ ഹമാസിനെതിരായ ഇസ്രയേലിന്‍റെ യുദ്ധം തുടങ്ങി ഒരു വർഷവും 2 മാസവും പിന്നിടുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. ഇതിന് പിന്നാലെ തുടങ്ങിയ തിരിച്ചടി ഇസ്രയേൽ ഇനിയും അവസാനിപ്പിച്ചിട്ടില്ല.

ഓരോ ദിവസും ഗാസയിൽ നിന്ന് പുറത്തുവരുന്ന ചോരക്കറയുടെ വാർത്ത ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഏകദേശം 45000 ത്തോളം മനുഷ്യ ജീവൻ കവർന്നെടുത്ത യുദ്ധം എന്ന് അവസാനിപ്പിക്കുമെന്ന കാര്യത്തിൽ ലോകം ഉത്തരമില്ലാതെ നിൽക്കുകയാണ്.അതിനിടെ ഗാസ യുദ്ധത്തിൽ ഇസ്രയേലിനും അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് കുറ്റപ്പെടുത്തിയ ആംനസ്റ്റി, അമേരിക്കക്കും സഖ്യ കക്ഷികൾക്കും ഈ രക്തത്തിൽ പങ്കുണ്ടെന്നും വിമർശിച്ചു. ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഗാസയിൽ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ആംനസ്റ്റി വിമർശിച്ചത്.ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം വംശഹത്യയാണെന്ന് പറയാനുള്ള കാരണങ്ങളും ലോക പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ വിവരിച്ചിട്ടുണ്ട്. ഗാസയിലെ സിവിലിയൻ ജനസംഖ്യയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ആകമണങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്നാണ് ആംനെസ്റ്റിയുടെ കുറ്റപ്പെടുത്തൽ. സാധാരണ ജനങ്ങളെയടക്കം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്നും ആംനെസ്റ്റി വിവരിക്കുന്നുണ്ട്. ജനസാന്ദ്രതയുള്ള മേഖലകളിൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ആംനെസ്റ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഐക്യരാഷ്ട്ര സഭയുൾപ്പെടെയുള്ള സംഘടനകൾ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe