അഞ്ചൽ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും ബൈക്കും അജ്ഞാതർ തകർത്തു. കൊല്ലം ഏരൂർ മണലിൽ അയിഷ മൻസിലിൽ ബഷീറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഹ്യുണ്ടായി ഇയോൺ കാറും റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുമാണ് തകർത്തത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
വാഹനത്തിൽ നിന്ന് തീകത്തുന്ന വിവരം അയൽവാസികൾ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിന് പുറത്തെത്തിയ ബഷീറും കുടുംബാംഗങ്ങളും വെള്ളം കോരിയൊഴിച്ചാണ് തീയണച്ചത്. കാറിൻ്റെ മുന്നിലേയും പിന്നിലേയും വശത്തേയും ഗ്ലാസ്സുകൾ ചുറ്റിക കൊണ്ട് തകർത്ത നിലയിലും ബൈക്ക് ഭാഗികമായി കത്തിയ നിലയിലുമാണ്.
വൈകീട്ട് ഏഴ് മണിയോടെ പരിചയമില്ലാത്ത നമ്പരിൽ നിന്നും തനിക്ക് കാൾ വന്നിരുന്നെന്നും ഒരു ഗിഫ്റ്റുമായി വരുന്നുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും വീട്ടുടമ ഏരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അടുത്തിടെ ഗൃഹപ്രവേശം കഴിഞ്ഞ വീടിൻ്റ നിർമാണവുമായി ബന്ധപ്പെട്ട് ചില പ്രാദേശിക നിർമാണക്കരാറുകാരും ബഷീറും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവത്രെ.
ഏരൂർ പൊലീസും ഫിംഗർപ്രിൻ്റ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. കാറിനുള്ളിൽ നിന്ന് ചുറ്റിക പൊലീസ് കണ്ടെടുത്തു.