​ഗുരുവായൂർ ആനയോട്ടത്തിൽ ഒന്നാമനായി ​ഗുരുവായൂർ ബാലു; രണ്ടാം സ്ഥാനത്ത് ചെന്താമരാക്ഷൻ

news image
Mar 10, 2025, 2:23 pm GMT+0000 payyolionline.in

തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ജേതാവായി ഗുരുവായൂർ ബാലു. മഞ്ജുളാൽ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയിൽ ആദ്യം ഓടിയെത്തുന്ന ആനയാണ് വിജയിക്കുന്നത്. വിജയിച്ച ഗുരുവായൂർ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികൾ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂർ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ദേവദാസ്, നന്ദൻ എന്നീ ആനകൾ കരുതലായി ഉണ്ടായിരുന്നു.

സുരക്ഷ മുൻനിർത്തി ഇത്തവണ ആനയോട്ടത്തിൽ പങ്കെടുത്ത ആനകൾക്ക് ഊട്ട് നൽകിയത് ആനക്കോട്ടയിലാണ്. പത്തുദിവസത്തെ ഉത്സവച്ചടങ്ങുകൾ ഇന്ന് രാത്രി ആരംഭിക്കുമെന്നും ഗുരുവായൂരിലേക്ക് എത്തുന്നവർക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.

നേരത്തേ നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അഞ്ച് ആനകളെ തിരഞ്ഞെടുത്തത്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമേറ്റാന്‍ ഉള്‍പ്പെടെ ബാലുവിന് പ്രത്യേക പരിഗണന ലഭിക്കും.

സുരക്ഷാ ക്രമമീകരണങ്ങളോടെ വന്‍ ജനപങ്കാളിത്തതോടെ ആയിരുന്നു ആനയോട്ടം. ആനകളും ഭക്തരും തമ്മിലുള്ള നിശ്ചിത അകലം കൃത്യമായി പാലിച്ചാണ് ആനയോട്ടം നടത്തിയത്. ഗുരുവായൂർ നന്ദനെയും ദേവദാസിനെയും കരുതലായി നിർത്തി. വടക്കേ നടപ്പന്തലിൽ നടത്തിയിരുന്ന ആനയൂട്ട് ഇത്തവണ സുരക്ഷാപ്രശ്‌നവും ജനത്തിരക്കും കാരണം ആനക്കോട്ടയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe