തിരുവനന്തപുരം : വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സ്വദേശി സത്യൻ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. ആരോഗ്യവകുപ്പും വിതുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതെസമയം പരാതി വ്യാജമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. ഉരുളുകുന്ന് സ്വദേശിനി വസന്തക്ക് വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയ ശ്വാസം മുട്ടലിനുള്ള ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.മൊട്ടുസൂചി ഗുളികയ്ക്കുള്ളിൽ ആയിരുന്നെന്നെന്ന് ഉറപ്പിച്ച് പറയാൻ കഴില്ലെന്നാണ് ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട്.
സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ നിരയിലെ മറ്റ് ഗുളികകൾക്ക് പ്രശ്നങ്ങൾ ഇല്ലെന്നും ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മൊഴികളിൽ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ ആരോഗ്യവകുപ്പിൻ്റെ ആവശ്യം.