ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; നാളെ വിമന്‍ ഇന്ത്യാ മൂവ്‌മെന്‍റ് സംസ്ഥാന വ്യാപക പ്രതിഷേധം

news image
May 31, 2023, 9:20 am GMT+0000 payyolionline.in

തിരുവനന്തപുരം: ബി.ജെ.പി എം.പിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ‘വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക; പോക്‌സോ കേസ് പ്രതി ബി.ജെ.പി എം.പിയെ അറസ്റ്റുചെയ്യുക’ എന്ന തലക്കെട്ടില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഐ. ഇര്‍ഷാന അറിയിച്ചു.


പ്രായപൂര്‍ത്തിയാകാത്ത ഒരാളെയടക്കം വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന അതീവ ഗൗരവതരമായ പരാതിയില്‍ കേന്ദ്ര ബി.ജെ.പി ഭരണകൂടം തുടരുന്ന മൗനം ലജ്ജാകരമാണ്. രാജ്യത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിക്കാട്ടാന്‍ സര്‍വതും സമര്‍പ്പിച്ച വനിതാ താരങ്ങള്‍ തങ്ങളുടെ മാനത്തിനും നീതിക്കും വേണ്ടി പോരാടേണ്ടി വന്നത് രാജ്യത്തിന്റെ മാനം കെടുത്തിയിരിക്കുന്നു. രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും തകര്‍ത്തെറിഞ്ഞ് മതാധിപത്യം ഉല്‍ഘോഷിച്ച് നടത്തിയ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുമ്പില്‍ നടന്ന ആദ്യത്തെ സമരം സ്ത്രീകളുടെ മാനത്തിനു വേണ്ടിയായിരുന്നു എന്നതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുന്നു.

വനിതാ താരങ്ങളുടെ സമരം മൂന്നാഴ്ച പിന്നിട്ടിട്ടും കണ്ട ഭാവം നടിക്കാത്ത മോദിയുടെയും ബി.ജെ.പിയുടെയും നിലപാട് പ്രതിഷേധാര്‍ഹമാണ്. അഭിമാന താരങ്ങളുടെ നീതിയേക്കാള്‍ ബി.ജെ.പിക്ക് പ്രധാനം ബ്രിജ്ഭൂഷണ്‍ സിങ്ങിലൂടെയുള്ള രാഷ്ട്രീയ നേട്ടമാണ്. പോക്‌സോ കേസില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം കാണിക്കുന്ന അമിതാവേശം വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള ദുരന്ത സൂചനയാണ്. ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റുചെയ്ത് സമഗ്രാന്വേഷണം നടത്തണമെന്ന് എം.ഐ. ഇര്‍ഷാന ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe