ഗൃഹനാഥന്റെ ശത്രുദോഷം മാറാന്‍ കോടികളുടെ പൂജ, ചെയ്തില്ലെങ്കില്‍ ദുര്‍മരണം; ലക്ഷങ്ങള്‍ തട്ടി പൂജാരി

news image
Aug 16, 2025, 11:07 am GMT+0000 payyolionline.in

കൊല്ലം: കൊല്ലത്ത് ശത്രുദോഷം മാറാന്‍ പൂജ നടത്തണം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള്‍ അറസ്റ്റില്‍. ദോഷം മാറാന്‍ ലക്ഷങ്ങളുടെ പൂജ നടത്തണം ഇല്ലെങ്കില്‍ ദുര്‍മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം തട്ടിയെടുത്തത്. സംഭവത്തില്‍ ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. ഗൃഹനാഥന് ദുര്‍മരണം സംഭവിക്കും അത് നടയാന്‍ പരിഹാര പൂജ നടത്തണം. അതിനായി പൂജയുടെ ചെലവായി നാല് ലക്ഷവും മറ്റ് ആവശ്യങ്ങള്‍ക്കായി അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് കൈക്കലാക്കിയത്. തട്ടിപ്പിനിരയായ കുടുംബത്തിന്റെ കുടുംബ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു പ്രസാദ്. ഓണ്‍ലൈനായാണ് പണം പ്രസാദ്  കൈപ്പറ്റിയിരുന്നത്. തുക കൊടുത്ത ശേഷം കുടുംബം പൂജയെപ്പറ്റി ചോദിച്ചപ്പോള്‍ കുടുംബത്തെ മുഴുവന്‍ പ്രസാദ് തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് അനുബന്ധ പൂജകള്‍ കൂടി ചെയ്യേണ്ടതുണ്ട് എന്ന് വിശ്വസിപ്പിച്ച് ഇവരെ തിരിച്ചയച്ചു. വൈകാതെ പ്രസാദ് ഇവരുടെ കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതോടെ തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നീട് ശൂരനാട് പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe