ഗർഭിണിയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കൊന്ന് കായലിൽ തള്ളിയ കേസിൽ വധശിക്ഷ

news image
Nov 24, 2025, 7:33 am GMT+0000 payyolionline.in

ആലപ്പുഴ: കൈനികരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി-മൂന്ന് വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേ മഠം വീട്ടിൽ അനിത ശശിധരനാണ് (32) കൊല്ലപ്പെട്ടത്.

അനിതയെ കാമുകനായ നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷും ഇയാളുടെ പെൺസുഹൃത്ത് കൈനകരി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടില്‍ രജനിയും (38) ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ജൂലൈ 10നാണ് പൂക്കൈതയാറിൽ അനിതയുടെ മൃതദേഹം കണ്ടെത്തിയത്.

വിവാഹിതനായ പ്രബീഷ് (37) ഒരേ സമയം വിവാഹിതരായ അനിതയുമായും രജനിയുമായും (38) അടുപ്പത്തിലായിരുന്നു. അനിത രണ്ടു കുട്ടികളുടെ അമ്മയുമായിരുന്നു. അനിത ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. അന്ന് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി രജനിയുടെ വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ബോധരഹിതയായ അനിതയെ ഇരുവരും ചേർന്ന് പൂക്കൈതയാറിൽ ഉപേക്ഷിക്കുകയും ചെയ്തു.

കേസിൽ 82 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസിലെ രണ്ടാം പ്രതിയായ രജനി ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ ലഹരിക്കേസിൽ വീണ്ടും അറസ്റ്റിലായിരുന്നു. ലഹരി കേസിൽ ഒഡീഷയിലെ ജയിലിലാണ് രജനി ഇപ്പോൾ ഉള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe