ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്‍റെ പുതിയ ഗേറ്റിൽ ഒരു യുവാവ്, സംശയം തോന്നി പൊക്കി; കിട്ടിയത് 12.5 കിലോ കഞ്ചാവ്

news image
Jul 22, 2024, 5:09 am GMT+0000 payyolionline.in

കോട്ടയം: ചങ്ങനാശ്ശേരിയിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 12.5 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈ് സംഘം പിടികൂടി.  ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ കഞ്ചാവുമായി പിടികൂടിയത്.

ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്നിരുന്ന നജീബിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപ്പന നടത്താനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും മറ്റാർക്കെങ്കിലും ലഹരി കടത്തിൽ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതിനിടെ വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ 160.77 ഗ്രാം മെത്താംഫിറ്റമിനുമായി ഒരു യുവാവ് പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അൻവർഷായെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.മൈസൂർ – പൊന്നാനി കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരിയാണ് എക്സൈസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് ഇയാൾ പിടിയിലായത്.

വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ. 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ നിധിൻ കെവിയുടെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ രഘു എംഎ, ലത്തീഫ് കെഎം, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം, ബാബു ആർസി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe