ചികിത്സ, ഡ്രോണുകൾ, ജനകീയ സമിതി, പട്രോളിംഗ് സ്ക്വാഡ്: വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കാൻ തീരുമാനം

news image
Feb 20, 2024, 10:07 am GMT+0000 payyolionline.in

വയനാട്: വന്യജീവി ശല്യം പരിഹരിക്കാൻ വയനാട്ടിൽ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.

 

വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലാണ് നിര്‍ദ്ദേശങ്ങൾ പരിഗണിച്ചത്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തിൽ ഉറപ്പുനൽകി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും. ഈ സമിതിയുടെ കോര്‍ഡിനേറ്റായി കളക്ടര്‍ പ്രവര്‍ത്തിക്കും. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുമെന്നും വനം മന്ത്രി പറഞ്ഞു.

 

വയനാട്ടിലെ വിഷയം ജനങ്ങളുടെ ജീവൽപ്രശ്നമാണെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. വനമേഖലയിൽ കൂടുതൽ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞു. വനമേഖലയിൽ 250 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഇതിനോടകം നടപടി തുടങ്ങി. അതിർത്തി മേഖലയിൽ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു.

വനത്തിൽ അടിക്കാടുകൾ വെട്ടാൻ വയനാടിന് പ്രത്യേകം ഇളവ് ആവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്ഥ നിർമ്മിക്കാൻ തൊഴിലുറപ്പിൽ പദ്ധതിക്ക് രൂപം നൽകും. വന്യമൃഗങ്ങളെ ആകർഷിക്കുന്ന രീതിയിൽ റിസോർട്ടുകൾ പ്രവർത്തിക്കരുതെന്നാണ് യോഗത്തിലുയര്‍ന്ന മറ്റൊരു ആവശ്യം. ഇങ്ങനെയുള്ള റിസോർട്ടുകൾക്ക് എതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ സ്ഥലം വൃത്തിയാക്കാനും യോഗം നിർദ്ദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe