ചീറിപ്പാഞ്ഞെത്തി കാർ പെട്ടന്ന് വെട്ടിച്ചു, തിരുവല്ലം പാലത്തിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി

news image
Apr 1, 2024, 5:56 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവല്ലത്ത് കാർ കാർ നിയന്ത്രണം വിട്ട് അപകടം. തിരുവല്ലം ബൈപ്പാസിലെ പാലത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. കാറിടിച്ച് പാലത്തിലുളള ഇരുമ്പ് കൈവരിയും ഇരുമ്പ് വേലിയും തകർന്നു. പരിക്കേറ്റ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങിയോടി.  ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ തിരുവല്ലം – കോവളം ബൈപ്പാസിൽ തിരുവല്ലം പാലത്തിലാണ് അപകടം. യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി തിരുവല്ലം പാലത്തിന്റെ ഒരുവശത്തുളള കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിനോട് ചേർത്ത് നിർമ്മിച്ചിരുന്ന 15 അടിയോളം ഉയരമുളള ഇരുമ്പ് വേലി തകർന്ന് താഴേയ്ക്ക് പതിച്ച നിലയിലാണ്. ഭാഗ്യവശാൽ കാർ താഴേക്ക് പതിച്ചിരുന്നില്ല. കാറിലുണ്ടായിരുന്ന യുവാക്കൾ പരുക്കുകളുളളതായി തിരുവല്ലം പൊലീസ് പറയുന്നു. എന്നാൽ, അപകടത്തിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്ന യുവാക്കൾ ഇറങ്ങിയോടിയെന്നാണ് സംഭവം കണ്ട മറ്റ് യാത്രക്കാർ പറയുന്നത്. തമിഴ്‌നാട് ഭാഗത്ത് നിന്നുമെത്തിയ കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ,പുതിയതുറ, തമിഴ്‌നാട് ഉൾപ്പെട്ട ഭാഗത്ത് നിന്നുളള യുവാക്കളാണ് സംഘത്തിലുളളതെന്നും സൂചനയുണ്ട്.

 

കോവളം – തിരുവല്ലം ബൈപാസിലൂടെ എത്തിയ കാർ കുമരിചന്ത ഭാഗത്ത് എത്തിയശേഷം തിരികെ തിരുവല്ലത്തേക്ക് വരുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഡിവൈഡറിലിടിച്ച് കയറി ഇരുമ്പ് കൈവരിയും ഉയരമുളള ഇരുമ്പ് വേലിയും തകർത്തു. സംഭവത്തെ തുടർന്ന് തിരുവല്ലം പൊലീസെത്തി വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഫയർഫോഴ്സ് സംഘമെത്തിയാണ് കാർ പാലത്തിൽ നിന്നും നീക്കിയത്. അതേസമയം കാറിലുണ്ടായിരുന്ന യുവാക്കൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe