വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ പരിക്കേറ്റവർക്കായി താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലുമാണ് താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നത്. ഇതുവരെ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 250 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിലവിലെ വിവരം.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങള്‍ വിലയിരുത്തി. നിലവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കും. താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.
കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി. റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്നും വിലയിരുത്തി. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.