ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ വാർഷികാഘോഷവും സ്മാരക കെട്ടിട ഉദ്ഘാടനവും നടന്നു

news image
Mar 29, 2026, 3:08 pm GMT+0000 payyolionline.in

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിന്റെ 114-ാം വാർഷികാഘോഷവും പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ – ശ്രീ ചാത്തുക്കുട്ടി പൂജാനിവാസ് സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനവും ‘മൽഹാർ 2k26’ എന്ന പേരിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ ഹൃദയഭാഗത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സിനിമതാരവും സംവിധായകനുമായ വിനീത് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് കെ.പി അധ്യക്ഷത വഹിച്ചു. മലയാള പിന്നണി ഗായകനും സംഗീത സംവിധായകനുമായ അജയ് ഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപിക തേജസി വിജയൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു .

​ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മഞ്ജു ഒ., പന്തലായിനി ബി.പി.സി മധുസൂദനൻ, സ്കൂൾ മാനേജർ കെ.പി സുകുമാരൻ കാരടിപറമ്പത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. പൂർവ്വ അധ്യാപക പ്രതിനിധി വാസുദേവൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ടി.പി സോമൻ, സീനിയർ അധ്യാപിക ഷംജ വി.കെ എന്നിവരും വിവിധ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ ആശംസകൾ നേർന്നു.

​2025-26 അധ്യയന വർഷത്തിൽ കലാ-കായിക-വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമർപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒത്തുചേർന്ന് അവതരിപ്പിച്ച വൈവിധ്യമാർന്ന കലാസന്ധ്യയും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe