ഫറോക്ക് ∙ചെറുവണ്ണൂരിൽ മേൽപാലം നിർമിക്കാൻ ഏറ്റെടുത്ത ഭൂമി മരാമത്തു വകുപ്പിനു കൈമാറുന്ന നടപടിക്കു തുടക്കം. ചെറുവണ്ണൂർ വില്ലേജിൽ 117 ഭൂവുടമകളിൽ നിന്ന് ഏറ്റെടുത്ത 3.3501 ഹെക്ടറാണു കൈമാറുന്നത്. 60% ഭൂമിയുടെയും സ്കെച്ചും മഹസറും ഇതിനകം നൽകി. ഭൂമി മരാമത്ത് വകുപ്പിന്റെ ചുമതലയിലാകുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കാനാകും. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ മേൽപാലത്തിന് 85.2 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതിൽ 30.5 കോടി രൂപയോളം ഭൂമി ഏറ്റെടുക്കലിന് ആവശ്യമായി വന്നു. സർവേ, മണ്ണു പരിശോധന തുടങ്ങിയ നിർമാണത്തിന്റെ പ്രാരംഭ നടപടി ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ.ഷെറീന, വാല്യുവേഷൻ അസിസ്റ്റന്റ് പി.കെ.മുരളീധരൻ, റവന്യു ഇൻസ്പെക്ടർ കെ.അരുൺ, റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ബി.ബൈജു, അസി.എൻജിനീയർമാരായ ടി.എസ്.ഹൃദ്യ, വി.അമൽജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈമാറ്റ നടപടി.ചെറുവണ്ണൂർ പോസ്റ്റ് ഓഫിസ് പരിസരം മുതൽ പെട്രോൾ പമ്പ് പരിസരം വരെ 720 മീറ്റർ ദൂരത്തിലാണു മേൽപാലം പണിയുന്നത്. അപ്രോച്ച് റോഡ്, സർവീസ് റോഡ് എന്നിവ ഉൾപ്പെടെ ഒരു കിലോമീറ്റർ ദൂരത്തിലാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചത്.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് മേൽനോട്ടത്തിലാകും മേൽപാലം നിർമാണം. നാലുവരിപ്പാത സൗകര്യത്തോടെ ആധുനിക നിലവാരത്തിൽ സജ്ജമാക്കുന്ന പാലം പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് രൂപകൽപന ചെയ്തത്. ചെറുവണ്ണൂർ ബിസി റോഡ് ജംക്ഷൻ, കൊളത്തറ റോഡ് ജംക്ഷൻ, ടിപി റോഡ് ജംക്ഷൻ എന്നിവ കൂട്ടിയിണക്കിയാകും പഴയ ദേശീയപാതയിൽ മേൽപാലം വരിക. ബിസി റോഡിലേക്കും കൊളത്തറ റോഡിലേക്കും ടിപി റോഡിലേക്കും പ്രവേശനത്തിന് ഇരുവശത്തും സർവീസ് റോഡും നടപ്പാതയും ഓടയും വിഭാവനം ചെയ്തിട്ടുണ്ട്.ബേപ്പൂരിലേക്കും കൊളത്തറ മേഖലയിലേക്കും എത്തുന്ന വാഹനങ്ങൾ ദേശീയപാതയിലെ ചെറുവണ്ണൂരിൽ നിന്നാണു തിരിഞ്ഞു പോകുന്നത്. ഇതിനാൽ നാലുംകൂടിയ ജംക്ഷനിൽ ഗതാഗതക്കുരുക്കു പതിവാണ്.ബിസി റോഡിൽ നിന്നും കൊളത്തറ റോഡിൽ നിന്നും നിയന്ത്രണമില്ലാതെ പ്രധാന പാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതാണു ഗതാഗതം താറുമാറാക്കുന്നത്. മേൽപാലം വരുന്നതോടെ നഗരത്തിലേക്കുള്ള ദീർഘദൂര ബസുകൾ, ടാങ്കർ, കണ്ടെയ്നർ ലോറികൾ, കാറുകൾ തുടങ്ങിയ വാഹനങ്ങൾക്കു പാലം വഴി പോകാനാകും.ചെറുവണ്ണൂരിനു പുറമേ അരീക്കാട്, വട്ടക്കിണർ, മീഞ്ചന്ത ജംക്ഷനുകളിലും മേൽപാലം നിർമാണ നടപടി പുരോഗമിക്കുന്നുണ്ട്.