‘ചേരി’ പരാമർശം; ഖുശ്ബുവിന്‍റെ വീടിന് സുരക്ഷ വര്‍ധിച്ചു, വന്‍ പൊലീസ് സന്നാഹം

news image
Nov 24, 2023, 2:32 pm GMT+0000 payyolionline.in

ചെന്നൈ: ‘ചേരി’ പരാമർശത്തിൽ ബിജെപി നേതാവ് ഖുശ്ബുവിനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്. ഖുശ്ബുവിന്‍റെ ചെന്നൈയിലെ വീടിന് മുന്നിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 20ലധികം പൊലീസുകാരെയാണ് സുരക്ഷ മുന്‍നിര്‍ത്തി വീടിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്. വനിത പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.‘ചേരി’ പരാമർശത്തിൽ വീട്ടിലേക്ക് പ്രതിഷേധ റാലി ഉള്‍പ്പെടെ നടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി.

പരാമര്‍ശത്തില്‍ ഖുശ്ബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിസികെ പാര്‍ട്ടി ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടികജാതി -പട്ടിക വർഗ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്‍റെ എക്സ് പോസ്റ്റിന് മറുപടിയായി ഖുശ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശനം കടന്നുവന്നത്.

മോശം ഭാഷ എന്ന അര്‍ഥത്തില്‍ ചേരി ഭാഷ എന്ന് പ്രയോഗിച്ചതിന് നടി വിമര്‍ശിക്കപ്പെട്ടിരുന്നു. “ഡിഎംകെ ഗുണ്ടകള്‍ ഇതാണ് ചെയ്യുന്നത്. ഇവരും ഒരു സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്നെണീറ്റ് നോക്കണം. ഡിഎംകെ നിങ്ങളെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള വിഡ്ഢികളാണ് ചുറ്റുമുള്ളതെന്നോര്‍ത്ത് നിങ്ങളുടെ നേതാവിനും ലജ്ജിക്കാം”, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് ഖുശ്ബു എക്സില്‍ കുറിച്ചു. ഈ പ്രതികരണമാണ് വിവാദമായത്.

ഖുശ്ബുവിന്‍റെ പരാമര്‍ശത്തിനെതിരെ വന്ന നിരവധി പ്രതികരണങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്ന് നീലം കള്‍ച്ചറല്‍ സെന്‍ററിന്‍റേത് ആയിരുന്നു. തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് സ്ഥാപിച്ച, ദളിത് ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഇത്. ചേരി എന്നത് ദളിതുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കുള്ള തമിഴ് വാക്കാണെന്നും മോശം ഭാഷാപ്രയോഗത്തെ സൂചിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിച്ച ഖുഷ്ബു നിരുപാധികം മാപ്പ് പറയണമെന്നും നീലം സെന്‍റര്‍ ആവശ്യപ്പെട്ടു. “ജാതിപരവും ലിംഗപരവുമായ അനീതികള്‍ക്കെതിരെ തലമുറകളായി സ്ത്രീകളുടെ പ്രതിരോധം നടക്കുന്ന ഇടങ്ങളാണ് അത്. ചരിത്രമോ സംസ്കാരമോ ഒരു സമൂഹത്തിന്‍റെ ജീവിതമോ പരിഗണിക്കാതെ ബഹുമാനക്കുറവിനെ സൂചിപ്പിക്കാന്‍ ഒരു പ്രാദേശിക പ്രയോഗത്തെ സാധാരണവത്കരിക്കുന്നത് അംഗീകരിക്കാനാവില്ല”, നീലം കള്‍ച്ചറല്‍ സെന്‍റര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe