മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ ശിവൻ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാർത്ഥിയാവും. പുനലൂർ മണ്ഡലത്തിൽ നൗഷാദ് യൂനുസ് ആണ് സ്ഥാനാർത്ഥി. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി വീട്ടിക്കുന്ന് സ്വദേശിയാണ് ശിവൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവേശനം. യൂത്ത് കോൺഗ്രസ് കൊണ്ടാഴി മണ്ഡലം ജനറൽ സെക്രട്ടറി, ചേലക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്തംഗം, കേരള ദളിത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളിയായ വീട്ടിക്കുന്ന് വേലന്റെയും പരേതയായ ലക്ഷ്മിയുടെയും മകനാണ്.
ചേലക്കര മണ്ഡലം ആദ്യമായാണ് മുസ്‌ലിം ലീഗിന് ലഭിച്ചത്. ചേലക്കര മണ്ഡലത്തിലേക്ക് 2025ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎ യുആർ പ്രദീപ് 12,201 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസിന്റെ രമ്യ ഹരിദാസ് ആയിരുന്നു എതിരാളി. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ അഞ്ചെണ്ണത്തിൽ എൽഡിഎഫും മൂന്നെണ്ണത്തിൽ യുഡിഎഫും ഒരെണ്ണത്തിൽ എൻഡിഎയുമാണ് അധികാരത്തിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 9040 വോട്ടുകളുടെ മേൽക്കൈയ്യാണ് എൽഡിഎഫിനുള്ളത്.
കൊല്ലത്തെ മുസ്‌ലിം ലീഗിന്റെ പ്രധാനമുഖവും എംഎൽഎയുമായിരുന്ന യൂനുസ് കുഞ്ഞിന്റെ മകനാണ് നൗഷാദ് യൂനുസ്. വിദ്യാഭ്യാസ, വ്യാപാര രംഗങ്ങളിൽ സജീവമായ നൗഷാദ് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
2021ൽ സിപിഐയുടെ പി എസ് സുപാൽ ആണ് മണ്ഡലത്തിൽ വിജയിച്ചത്. 37,057 വോട്ടായിരുന്നു ഭൂരിപക്ഷം. ലീഗിന്റെ അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു എതിരാളി. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ആറെണ്ണത്തിലും എൽഡിഎഫിനാണ് ഭരണം. രണ്ടെണ്ണത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 8370 വോട്ടുകളുടെ മേൽക്കൈയ്യാണ് എൽഡിഎഫിനുള്ളത്.
