ചേർത്തല ∙ ബിന്ദു പത്മനാഭൻ, ജെയ്നമ്മ വധക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ റിട്ട.ഗവ.ഉദ്യോഗസ്ഥ ഐഷയെയും (ഹയറുമ്മ–62) കൊലപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ചേർത്തല വാരനാട് നിന്നു 13 വർഷം മുൻപാണ് ഐഷയെ കാണാതായത്. തിരോധാനക്കേസ് കൊലക്കേസ് ആക്കിയും സെബാസ്റ്റ്യനെ പ്രതി ചേർത്തും പൊലീസ് ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതു പരിഗണിച്ച കോടതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി നൽകി.
ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ (54), ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52) എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുകളിൽ പ്രതിയായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കേസ് അന്വേഷിക്കുന്ന ചേർത്തല പൊലീസ് ഇവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ അപേക്ഷ നൽകും. തദ്ദേശവകുപ്പ് ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയ് 12നാണ് കാണാതാകുന്നത്. സുഹൃത്തായ സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. ഒന്നര പവന്റെ സ്വർണമാല ധരിച്ചിരുന്ന ഐഷ വസ്തു വാങ്ങാൻ 2 ലക്ഷം രൂപയും കൈവശം വച്ചിരുന്നു. ഇതെല്ലാം തട്ടിയെടുക്കാനാണു സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതെന്നാണു നിഗമനം.